അറബിക്കടല്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; 4 ദിവസം ഇടി മിന്നലൊടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം : അറബിക്കടല്‍ ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യുന മര്‍ദ്ദ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബര്‍ 9 ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായും തുടര്‍ന്നു കൂടുതല്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ അടുത്ത 4 ദിവസം വരെ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.