സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിനെ തുടർന്ന് അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് മോചനം. സ്വീകരിക്കുന്നതിനായി സ്വപ്നയുടെ അമ്മ ജയിലിന് പുറത്ത് രാവിലെ തന്നെ എത്തിയിരുന്നു.
സ്വപ്നയ്ക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നത് കൊണ്ടാണ് മോചനം വൈകിയത്. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ. ജാമ്യ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷമാണ് സ്വപ്നക്ക് പുറത്തിറങ്ങാനായത്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന സുരേഷ് പുറത്തിറങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ തെളിവുകൾ വെച്ച് പ്രതികൾക്കെതിരെ തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വർണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ലെന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.