NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം – പ്രവൃത്തി ഉടൻ ആരംഭിക്കും. ശിലാസ്ഥാപന കർമ്മം 17 ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ. നിർവ്വഹിക്കും

ചെമ്മാട് ടൗണിൽ നഗരസഭ പണിയുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ മാതൃക

.
തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ നഗരസഭ പണിയുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 17 ന് രാവിലെ 11 മണിക്ക് പി കെ അബ്ദുറബ്ബ് എം.എൽ.എ. നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.ടി. റഹീദ അദ്ധ്യക്ഷത വഹിക്കും. ഭൂഗർഭ നിലക്ക് പുറമേ നാല് നിലകളിലായി ആകെ 2445 ച.മീ. ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
കെട്ടിടത്തിന്റെ ഭൂഗർഭനിലയിൽ പാർക്കിംഗിന് പുറമേ കംഫർട്ട് സ്റ്റേഷൻ, ദീർഘദൂരയാത്രക്കാർക്കുള്ള ശുചിമുറി എന്നിവയും തറനിലയും ഒന്നും രണ്ടും നിലകളും വാണിജ്യ ആവശ്യങ്ങൾക്ക് പരസ്യലേലം വഴി അനുവദിക്കും. മൂന്നാം നിലയിൽ നഗരസഭാ പരിധിയിലെ വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അതിഥികൾക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാകും. ആകെ ആറ് കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കെട്ടിടനിർമ്മാണത്തിന്റെ ആദ്യ ഘട്ടമായി ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് 2020 – 2021 വർഷത്തെ പദ്ധതിയിൽ നടക്കുക. അഞ്ച് കോടി രൂപയുടെ പ്രവൃത്തി 2021 – 2022 വർഷത്തെ പദ്ധതിയിൽ നടപ്പിലാക്കും. കേരള സിഡ്കോക്കാണ് നിർമ്മാണചുമതല.
ആദ്യഘട്ട പ്രവൃത്തി ഒമ്പത് മാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ. ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയും സിഡ്കോ മാനേജിംഗ് ഡയറക്ടറും ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരസഭയ്ക്ക് പ്രതിവർഷം ഒരുകോടി രൂപയോളം തനത് വരുമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Leave a Reply

Your email address will not be published.