NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൊബൈൽ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകി; പോലീസ് ഉദ്യോഗസ്ഥ നെതിരെ വീട്ടമ്മയുടെ പരാതി

മലപ്പുറം: വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് വീട്ടമ്മ പരാതി നൽകിയത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി.
ഇതിനെ തുടർന്ന് നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവിൽ അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഭർത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ. ഫോണിലെ വിവരങ്ങൾ ലഭിച്ച ഭർത്താവ്, അത് ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും അയച്ചു നൽകി തന്നെ അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസിപി ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ ചോർത്തിയത്. വിഷയത്തിൽ മലപ്പുറം എസ്പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എസിപി ഫോൺ രേഖകള്‍ ചോര്‍ത്തിയതെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.