ഫോൺ എടുക്കുന്നില്ലെന്ന് പരാതി; പരീക്ഷാഭവനിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന


പരീക്ഷാഭവനിൽ ഫോൺ എടുക്കുന്നില്ലെന്ന പരാതി വ്യാപകമായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. തിരുവനന്തപുരത്തെ പൂജപ്പുര ഓഫീസിലാണ് മന്ത്രി സന്ദർശനം നേരിട്ടെത്തിയത്. ഓഫീസിലേക്ക് വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനിൽ ഫോൺ എടുക്കുന്നില്ലെന്നുമാണ് പരാതി.
ഇതോടെ ഉച്ചയ്ക്ക് ശേഷം പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്തുന്നതുൾപ്പെടെ പരീക്ഷാഭവനിലാണ് നടക്കുന്നത്. ഓഫീസിലെ പ്രശ്നങ്ങൾ മനസ്സിലാക്കിയ മന്ത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനും നിർദേശം നൽകി.
നേരെത്തെ ആരോഗ്യമന്ത്രി വീണാ ജോർജും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഇത്തരത്തിൽ തങ്ങളുടെ വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളജിലെ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനവും പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരിശോധനയും വലിയ ചർച്ചയായിരുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രോത്സാഹനം ലഭിച്ചതോടെ മറ്റ് മന്ത്രിമാരും ഇത്തരം മാതൃകകൾ തുടരുമെന്നാണ് കരുതുന്നത്.