NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹജ്ജ് മാര്‍ഗ്ഗരേഖ അടുത്തമാസം; രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് മാത്രം അനുമതി

ദില്ലി: ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണത്തെ തീര്‍ത്ഥാടനം. രണ്ട് വാക്സിനും എടുത്തവര്‍ക്ക് മാത്രമാകും ഹജ്ജ് യാത്രക്ക് അനുമതി നൽകുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത മാസം ആദ്യവാര‍ത്തിലാകും ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള എല്ലാ നടപടികളും പൂര്‍ണമായും ഡിജിറ്റലായിരിക്കുമെന്ന് നടപടികള്‍ വിശദീകരിക്കവെ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി വെള്ളിയാഴ്‍ച അറിയിച്ചു.

നവംബര്‍ ആദ്യവാരം മാര്‍ഗരേഖ പുറത്തിറക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ അപേക്ഷയ്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിക്കും. ഇന്ത്യന്‍, സൗദി സര്‍ക്കാറുകളുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ ഒപ്പമില്ലാതെ (മഹ്റം) 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം സ്‍ത്രീകള്‍ ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയിരുന്നു.

ഇവര്‍ക്ക് 2022ല്‍ ഹജ്ജ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കും. മഹ്റം ആവശ്യമില്ലാത്ത വിഭാഗത്തില്‍ മറ്റ് സ്‍ത്രീകള്‍ക്ക് ഇത്തവണയും അപേക്ഷിക്കാനുമാവുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ അപേക്ഷിക്കുന്നവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കി നേരിട്ട് അവസരം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *