മന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ; തിരൂരങ്ങാടിയിലെ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം മാറ്റി വെച്ചു


തിരൂരങ്ങാടി : മുസ്ലീംലീഗ് മേളയാക്കി ഉദ്ഘാടന ചടങ്ങ് മാറ്റുന്നു എന്ന ആരോപണത്തെ തുടർന്ന് സ്റേറഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പ്രവൃത്തി ഉദ്ഘാടനം മാറ്റി. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ സ്‌റ്റേഡിയം പ്രവൃത്തി ഉദ്ഘാടനമാണ് വിവാദത്തെ തുടർന്ന് മാറ്റിയിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും എൽ.ഡി.എഫ് സർക്കാർ അനുവദിച്ച 2.02 കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ കെ.പി.എ മജീദ് എം.എൽ.എ പ്രവൃത്തി ഉദ്ഘാടനവും മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബ് വിശിഷ്ടാതിഥിയുമായാണ് ഉദ്ഘാടനം നടത്തുമെന്ന് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ പ്രഖ്യാപിച്ചിരുന്നത്.
പി.കെ. അബ്ദുറബ്ബ് കൊണ്ടുവന്ന ഫണ്ടാണെന്ന രീതിയിൽ പ്രചരണവും നടന്നു. എന്നാൽ തൊട്ടടുത്ത മണ്ഡലമായ താനൂരിലെ ജനപ്രതിനിധികൂടിയായ കായികമന്ത്രി വി. അബ്ദുറഹിമാനെ ഉദ്ഘാടനത്തിന് വിളിക്കണമെന്ന ആവശ്യം തള്ളിയാണ് നഗരസഭ ഉദ്ഘാടനം രാഷ്ട്രീയവത്ക്കരിച്ചതെന്നാണ് ആരോപണം.
അധ്യാപകരടക്കം മന്ത്രിയെ ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ നഗരസഭ തയ്യാറായതുമില്ല. ഇതോടെയാണ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രാദേശികമായി പ്രതിഷേധം ഉയർന്നുവന്നതോടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെച്ചു.
എന്നാൽ പ്രതികൂല കാലാവസ്ഥയാണ് സ്കൂൾ ഗ്രൗണ്ട് നവീകരണ ശിലാസ്ഥാപന ചടങ്ങ് മാറ്റിയതെന്നാണ് നഗരസഭയുടെ വാദം