ചെറിയ ക്ലാസുകളിൽ ഒരു ദിവസം10 കുട്ടികൾ, ഒരു ബഞ്ചിൽ ഒരു കുട്ടി: സ്കൂൾ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ


തിരുവനന്തപുരം: ഒരേസമയം സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് സ്കൂൾ അധ്യയന മാർഗ്ഗരേഖ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ ഒരു സമയത്ത്10 കുട്ടികൾക്ക് മാത്രം പ്രവേശനം അനുവദിക്കും. ഒരു ക്ലാസിലെ കുട്ടികളുടെ മൂന്നിലൊന്ന് പേരെയാണ് ഓരോ സമയത്തും പ്രവേശിപ്പിക്കുക. ഇതിനനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.
ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ്സുകളിൽ ഒരേ സമയം 20 കുട്ടികൾക്ക് പഠിക്കാം. ക്ലാസുകളിലെ ഇരിപ്പിടങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ഉണ്ട്. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമാണ് ഇരുത്തുക. ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസ്സുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ. സ്കൂളുകളിൽ ഒരേസമയത്ത് ഇടവേളകൾ അനുവദിക്കില്ല. ശുചി മുറികളിലും മറ്റും കൂട്ടത്തോടെ കുട്ടികൾ എത്തുന്നത് തടയാനാണിത്.
കുട്ടികൾ തമ്മിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് മാർഗരേഖയിൽ പറയുന്നു. ഓരോ സ്കൂളിനും പിടിഎകൾക്കും അനുബന്ധ സാഹചര്യവുമായി ബന്ധപ്പെട്ട് അനുയോജ്യമായ തീരുമാനം കൈക്കൊള്ളാനുള്ള അനുമതി നൽകും. സ്കൂളുകളിൽ എല്ലാദിവസവും ശുചീകരണവും അണുനശീകരണവും നടത്തണം.
കുട്ടികളുടെ യാത്രയിലും സാമൂഹിക അകലവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്തണം. വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും തയ്യാറാക്കിയ മാർഗ്ഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ ചർച്ചകൾക്കുശേഷം നാളെ മാർഗരേഖ പ്രസിദ്ധീകരിക്കും എന്നാണ് സൂചന. സ്കൂളുകൾ തുറക്കുന്നത് 15 ദിവസം മുൻപ് തന്നെ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.