“ലഹരി വിൽപ്പന ഇവിടെ വേണ്ട”; പ്രതിരോധിക്കാ നൊരുങ്ങി പാലത്തിങ്ങലിൽ ജനകീയ കൂട്ടായ്മ


പരപ്പനങ്ങാടി: പാലത്തിങ്ങലിലും പരിസരങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവകളുടെ വിൽപ്പന വ്യാപകമാകുന്ന സാഹചര്യത്തിൽ പാലത്തിങ്ങലിൽ വിൽപ്പന തടയുന്നതിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി.
പുതിയ പാലം തുറന്നതോടെ ആൾപെരുമാറ്റമില്ലാതായ പുഴയോരത്തും പാലത്തിനടിയിലും മറ്റുമായി മദ്യവും മറ്റു മയക്കുമരുന്നുകളും വിൽപ്പന നടത്തുന്നതിനായി ഇവിടങ്ങളിൽ ആളുകളെത്തുന്നത് പതിവായിട്ടുണ്ട്. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചും മറ്റുമാണ് ലഹരി മാഫിയ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
ഇതിന് തടയിടുന്നതിനായി പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുക. പാലത്തിങ്ങൽ പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപ്പനക്കെത്തിക്കുന്നതും വാങ്ങാനെത്തുന്നതും പൂർണ്ണമായും തടയുകയാണ് ലക്ഷ്യം. ഇതിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
രൂപീകരണ യോഗം നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി എസ്.ഐ. നൗഷാദ് ഇബ്രാഹീം, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ, നഗരസഭാ കൗൺസിലർമാരായ എ.വി.ഹസ്സൻകോയ, അബ്ദുൽ അസീസ് കൂളത്ത്, സമീന മൂഴിക്കൽ, ഉഷ തയ്യിൽ, വിമുക്തി കോർഡിനേറ്റർ ശശി, എം.എം. അക്ബർ, വിവിധ മത രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.