നിയമവിരുദ്ധ മത്സ്യബന്ധന ത്തിനെതിരേ കർശന നടപടി യെടുക്കുമെന്ന് അധികൃതർ


പരപ്പനങ്ങാടി: താനൂർ തീരക്കടലിൽ രണ്ട് വിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പരപ്പനങ്ങാടിയിൽ യോഗം ചേർന്നു.
തിരൂരങ്ങാടി തഹസിൽദാർ, പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ്‌പെക്ടർ, പരപ്പനങ്ങാടി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ മത്സ്യ മേഖല ട്രേഡ് യൂനിയൻ നേതാക്കളുടെ അടിയന്തിര യോഗം പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിലാണ് ചേർന്നത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നയത്തിനും ചട്ടങ്ങൾക്കും വിരുദ്ധരുമായി മേഖല നിയന്ത്രണങ്ങൾ ലംഘിച്ച് തീരക്കടലിൽ പോത്തൻ വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യന്ത്രവൽകൃത യാനങ്ങൾക്കെതിരേ കോസ്റ്റൽ പൊലിസ് ഫിഷറീസ് വകുപ്പ് കോസ്റ്റ് ഗാർഡ് പരപ്പനങ്ങാടി പൊലിസ് സ്റ്റേഷൻ എന്നിവർ സംയുക്തമായി കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഇതോടൊപ്പം തീരക്കടലിൽ നടക്കുന്ന പെയർ ട്രോളിംഗ് ഉൾപ്പെടെയുള്ള എല്ലാവിധ നിയമ വിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ഇത്തരം തെറ്റായ രീതികൾ ശ്രദ്ധയിൽ പെട്ടാൽ ആയത് ബന്ധപ്പെട്ടവരെ അടിയന്തിരമായി അറിയിക്കണമെന്നും ഒരാളും ഒറ്റക്കോ കൂട്ടായോ നിയമം കയ്യിലെടുക്കരുതെന്നും പൊലിസ് സബ് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടു.