പുരാവസ്തു തട്ടിപ്പുകേസ്: മോന്‍സനെ പൊലീസ് ഉദ്യോഗസ്ഥരെ പരിചയ പ്പെടുത്തിയത് പ്രവാസി വനിത; ഇടപാടുകൾ അന്വേഷിക്കാന്‍ പ്രത്യേക സംഘം
1 min read

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംസ്ഥാനതലത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ആലോചന. തട്ടിപ്പിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇന്നലെ പൊലീസ് ആസ്ഥാനത്തു ചര്‍ച്ചകള്‍ നടന്നു.
അതിനിടെ, മോന്‍സനെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന കാര്യം അറിഞ്ഞു കൊണ്ടാണോ ഇവര്‍ ഒപ്പം നിന്നതെന്ന കാര്യം വ്യക്തമല്ല. മോന്‍സന്റെ തട്ടിപ്പിനെ കുറിച്ചു വിവരം ലഭിച്ചതോടെ ഇവര്‍ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാര്‍ക്ക് ഒപ്പം നിന്നെന്നുമാണ് ഇതുവരെയുള്ള സൂചനകള്‍.
ക്രൈംബ്രാഞ്ച്‌നു ലഭിച്ച പരാതികളില്‍ ഈ സ്ത്രീയെ കുറിച്ച് പരാതിക്കാരുടെ ഭാഗത്തോ സാക്ഷിയായിട്ടോ ആണ് സൂചിപ്പിക്കുന്നത്. എങ്കിലും ഇവരുടെ മറ്റു വിവരങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ പൊലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവര്‍ക്ക് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന.
അതിനിടെ മോന്‍സന്‍ മാവുങ്കലിന്‍റെ (Monson Mavunkal) അക്കൗണ്ടുകളില്‍ അടിമുടി ദുരൂഹത. തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സണ്‍ മറയാക്കിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സണ്‍ പണം വാങ്ങിയെന്ന് പരാതിക്കാരൻ രാജീവ് പറഞ്ഞു.
വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സണ്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടിൽ മോന്‍സണ്‍ വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.