NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നീക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസ്സാക്കി.

 

 

പരപ്പനങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ ശ്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും ആ നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി.

രാഷ്ട്രീയ പ്രേരിതവും ചരിത്ര ഗവേഷണ കൗൺസിലിൻ്റ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഐ സി എച്ച് ആർ മുൻ ചെയർമാൻ എം ജി എസ് നാരായണൻ്റ വാക്കുകൾ ഗൗരവമായി കാണണം.

ഭാരതത്തിൻ്റെ അധിനിവേശവിരുദ്ധ ചരിത്രത്തിൻ്റെ താളുകളിൽ ചോര പൊടിഞ്ഞ അധ്യായമാണ് 1921 ലെ മലബാർ സമരം. ഒരു ജനത ഊരും ഉയിരും ഒരു രാജ്യത്തിന് വേണ്ടി ബലി നൽകിയ ത്യാഗത്തിൻ്റെ കഥയാണിത്.
മാനവ സൗഹാർദ്ദം കാത്ത് സൂക്ഷിച്ച് ഹിന്ദുവും മുസൽമാനും മറ്റുള്ളവരും തോളോട് തോൾ ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിൻ്റെ ധീര സമരമാണിത്.

മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം പി നാരായണമേനോൻ,
കെ മാധവൻ നായർ എന്നിവരോടൊപ്പം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ബ്രിട്ടിഷ് അധിനിവേഷത്തിനെതിരെ വീരേതിഹാസം രചിച്ചതാണ് മലബാർ സമരമെന്ന ചരിത്രം അപനിർമ്മിക്കാൻ സമ്മതിക്കില്ല.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭകത് സിംഗിനെ പോലെയുള്ള ധീര രക്തസാക്ഷിയാണെന്ന് ബഹുമാനപെട്ട കേരളാ നിയമസഭാ സ്പീക്കർ എം ബി രാജേഷിൻ്റ പ്രസ്താവന വസ്തുനിഷ്ഠമാണെന്നും അതിന് വേണ്ടി അദ്ദേഹത്തെ വിമർശിക്കുന്നവർ ചരിത്ര ബോധമില്ലാത്തവരാണെന്നും ഈ വിഷയത്തിൽ സ്പീക്കറിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നു .

ചരിത്രത്തിൽ ഒന്നും രേഖപ്പെടുത്താനില്ലാത്തവർ ചരിത്രത്തെ ചുരണ്ടി മായ്ക്കാൻ ശ്രമിക്കുകയാണ്.
ഗാന്ധി വധക്കാരുടെ പിൻഗാമികൾ മലബാർ സമരത്തിൻ്റെ അസ്തിത്വം ചോദ്യം ചെയ്യാനുള്ള ശ്രമം ബ്രിട്ടീഷ്കാരോടുള്ള അനുരാഗാത്മക ഭ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും ഇത്തരം ചരിത്ര അപനിർമ്മിതിയെ കരുതിയിരിക്കാൻ എല്ലാവരും ബദ്ധശ്രദ്ധരാകണമെന്നും
മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നീക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി ശാഹുൽ ഹമീദ് അവതാരകനും ടി. കാർത്തികേയൻ അനുവാദകനും ആയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .യോഗത്തിൽ ചെയർമാൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രമേയം പാസ്സാക്കി കേന്ദ്ര സർക്കാരിന് അയച്ചു കൊടുക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.