NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവളം കടൽത്തീരത്തിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം

1 min read

കോവളം ഉള്‍പ്പെടെ രാജ്യത്തെ രണ്ട് കടല്‍ത്തീരങ്ങള്‍ക്ക് കൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച മറ്റൊരു കടല്‍ത്തീരം. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള ആഗോള അംഗീകാരമാണിത്. ഇന്ത്യയില്‍ ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരമുള്ള പത്ത് കടല്‍ത്തീരങ്ങളാണ് ഇപ്പോഴുള്ളത്.

ഡെന്‍മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ് ഇ ഇ) ആഗോളതലത്തില്‍ അംഗീകാരമുള്ള ഇക്കോ-ലേബല്‍-ബ്ലൂ ഫ്‌ളാഗ് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂര്‍, ദിയുവിലെ ഘോഘ്‌ല, കാസര്‍കോട്, കര്‍ണാടകത്തിലെ പടുബിദ്രി, കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട, ഒഡിഷയിലെ ഗോള്‍ഡന്‍, ആന്‍ഡമാന്‍ നിക്കോബറിലെ രാധാനഗര്‍ എന്നിവയുടെയും അംഗീകാരം നിലനിര്‍ത്തിയിട്ടുണ്ട്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശുചിത്വ -ഹരിത ഇന്ത്യയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണിതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ തീരദേശ വികസനത്തിനും പാരിസ്ഥിതിക-സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിരവധി നടപടികള്‍ (ബീംസ്) കൈക്കൊണ്ടിട്ടുണ്ട്. സുസ്ഥിര വികസനത്തിനായി വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ പ്രകൃതിദത്തമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഐയുസിഎന്‍, യുഎന്‍ഡബ്ല്യുടിഒ, യുഎന്‍ഇപി, യുനെസ്‌കോ തുടങ്ങിയവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജൂറിയാണ് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നത്. എഫ് ഇ ഇ ഡെന്‍മാര്‍ക്ക് കടല്‍ത്തീരങ്ങള്‍ പതിവായി നിരീക്ഷിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യും. കര്‍ശനമായ 33 മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് കടല്‍ത്തീരങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.

തീരദേശ ജലത്തിലെ മലിനീകരണം കുറയ്ക്കല്‍, കടല്‍ത്തീരത്തെ സൗകര്യങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കല്‍, തീരദേശ ആവാസവ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കല്‍, തീരദേശത്തേയ്ക്കു പോകുന്നവരില്‍ ശുചിത്വവും അവരുടെ സുരക്ഷയും ഉയര്‍ന്ന നിലവാരത്തില്‍ കാത്തുസൂക്ഷിക്കാന്‍ പ്രാദേശിക അധികൃതരെ പ്രാപ്തമാക്കല്‍ തുടങ്ങിയവയാണ് ബീംസ് പരിപാടിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published.