NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഒരു സമുദായത്തെയും അകാരണമായി അക്രമിക്കരുത്, മതനേതാക്കള്‍ ഉത്തരവാദിത്വ ബോധം കാണിക്കണം’: കാന്തപുരം വിഭാഗം

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം അനുചിതമെന്ന് കാന്തപുരം വിഭാഗം. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന കാലത്ത് മതനേതാക്കൾ കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണം. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കി.

ബിഷപ്പിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും അവസാനിപ്പിക്കണം. അത് സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ബിഷപ്പിന്‍റെ പ്രസ്​താവനയുടെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടത്​. ഭിന്നിപ്പുകളുടെയും അകറ്റിനിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും.

തലമുറകളോളം അതിന്‍റെ നീറ്റൽ നിലനിൽക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വിദ്വേഷം ഉണ്ടാക്കാതിരിക്കേണ്ട മതങ്ങളുടെ പൊതു തത്വത്തെ ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published.