ഐ.എസ് എം കേരള ഇസ്ലാമിക് സെമിനാറിന് ഉജ്ജ്വല പരിസമാപ്തി; ബിഷപ്പ് മുസ്‌ലിം സമൂഹത്തെ പരസ്യമായി അവഹേളി ക്കുന്നുവെന്ന് ടി.പി. അബ്ദുല്ല കോയ മദനി


തിരൂരങ്ങാടി: ഇസ്‌ലാമിന്റെ വിശുദ്ധമായ സാങ്കേതിക ശബ്ദങ്ങളെ അധർമ്മവുമായി ചേർത്ത് വെച്ച് പാലാ ബിഷപ്പ് മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്നുവെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ഐ എസ് എം സംസ്ഥാന സമിതി പി എസ് എം ഒ കോളേജിൽ സംഘടിപ്പിച്ച കേരള ഇസ്‌ലാമിക് സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എം എം ഒ അറബിക് ഡിപ്പാർട്ട്‌മെന്റുമായി ചേർന്നാണ് സെമിനാർ ഒരുക്കിയത്. ഇസ്‌ലാമിലെ വിശുദ്ധമായ സാങ്കേതിക ശബ്ദമായ ജിഹാദിന്റെ അർത്ഥം നന്മക്കുവേണ്ടിയുള്ള കഠിന പരിശ്രമം എന്നാണ് . എന്നിട്ടും ജിഹാദിനെ അന്യമത വിദ്വേഷവുമായി മാത്രം ചേർത്ത് പ്രചരിപ്പിക്കുന്ന രീതി അപകടമാണ്.
ജിഹാദിനെപ്പോലെ പവിത്രമായ ആശയത്തെ അപനിർമ്മിച്ച് പ്രചാരണം നടത്തുന്നത് ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന മതപുരോഹിതർക്ക് ചേർന്നതല്ല. സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്ന സംഘ് മനസ്സുള്ള വിദ്വേഷ മതപ്രചാരകരെ പോലെ വിവേകരഹിതമായി ഉന്നത മതനേതൃത്വം പ്രതിക്കരുത്. മയക്കുമരുന്നിനെ ജിഹാദുമായി ചേർത്ത് പറയാൻ ആധികാരികമായി എന്തു തെളിവാണ് രൂപതയ്ക്ക് ലഭിച്ചത് എന്നു വ്യക്തമാക്കണം. നാട്ടിൽ അനുദിനം പെരുകുന്ന ലഹരി മാഫിയകളിൽ മതവും നിറവും ആരും തിരയാറില്ല.അവർ പുതുതലമുറയേയും നാടിനേയും നശിപ്പിക്കുന്ന ക്രിമിനലുകളാണ്.
ഇത്തരം വൈറസുകളെ മതവുമായി ചേർത്ത് വെച്ച് ഉപന്യസിക്കുന്നത് സന്യാസജീവിതം നയിക്കുന്നവർക്കു ചേർന്നതാണോയെന്നു വിചിന്തനം നടത്തണമെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ലവ് ജിഹാദ് വെറും നുണയാണെന്നു ഉന്നത നീതി പീഠങ്ങൾ വരെ തുറന്നു പറഞ്ഞിരിക്കെ നാർകോട്ടിക് ജിഹാദ് ചർച്ചക്ക് വെച്ചു മതസ്പർധ വിതക്കാനുള്ള ശ്രമം ക്രൈസ്തവ സമൂഹം തിരിച്ചറിയണം. വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് വിദ്വേഷ പ്രചാരണത്തിനു പിന്തുണ നല്കുന്നത് നാളിതുവരെ തുടർന്ന് വരുന്ന ക്രൈസ്തവ- മുസ്‌ലിം സൗഹൃദത്തിനു പരിക്കേല്പിക്കുന്നതാണെന്നും അബ്ദുല്ലകോയ മദനി പറഞ്ഞു.
മലബാർ വിപ്ലവത്തിന്റെ ബ്രിട്ടീഷ് വിരുദ്ധത മൂടിവെച്ചു
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനിലേക്ക് ചേർത്തി കെട്ടി ഉപന്യസിക്കുന്നത് അനീതിയാണെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.ദേശീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മലബാർ വിപ്ലവത്തെ വർഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള ഫാഷിസ്റ്റ് ശ്രമം ഒറ്റകെട്ടായി തടയണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ എം.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ മജീദ് എം.എൽ.എ , കെ.ടി ജലീൽ എം.എൽ.എ , അഡ്വ: പി.എം.എ സലാം, കുഞ്ഞിപ്പ മാസ്റ്റർ പ്രസംഗിച്ചു. “ആലി മുസ് ലിയാരും കെ.എം മൗലവിയും ” എന്ന പ്രമേയറുമായി സംഘടിപ്പിച്ച സെമിനാറിന്റെ മൊഡ്യൂൾ – 1 അക്കാദമിക് സെഷനിൽ കെ.എൻ.എം വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ, കെ.എസ് മാധവൻ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: എ.ഐ അബ്ദുൽ മജീദ് സ്വലാഹി, അഡ്വ: രതീഷ് കൃഷ്ണ, കെ.കെ അബ്ദുസ്സത്താർ, സി.പി സൈതലവി, സദാദ് അബ്ദുസ്സമദ് എന്നി വർ പ്രബന്ധാവതരണം നടത്തി. തുടർന്ന് നടന്ന “സമരം നവോത്ഥാനം “ഓപ്പൺ ഫോറത്തിൽ ട്രഷറർ നൂർ മുഹമ്മദ് നൂർഷാ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ, പി.മുഹ്യുദ്ധീൻ മദനി, പി.എസ്.എം ഒ പ്രിൻസിപ്പാൾ ഡോ: അബ്ദുൽ അസീസ്, എൻ.വിഹാശിം ഹാജി, ഐ.എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, മുസ്തഫ തൻവീർ , ശബീർ കൊടിയത്തൂർ സംസ്ഥാന ഭാരവാഹികളായ കെ.എം.എ അസീസ്, ജലീൽ മാമാങ്കര, നൗഷാദ് കരുവണ്ണൂർ , സഗീർ കാക്കനാട് , റഹ്മത്തുല്ല സ്വലാഹി, സിറാജ് ചേലേമ്പ്ര,ശിഹാബ് തൊടുപുഴ , യാസർ അറഫാത്ത്, ജാസിർ രണ്ടത്താണി, പി.ഒ ഹംസ മാസ്റ്റർ, മാനു ഹാജി, ഹംസ മാസ്റ്റർ കരിമ്പിൽ ,ഉബൈദുല്ല താനാളൂർ, ഐ.എസ്.എം ജില്ലാ ഭാരവാഹികളായ മുബശ്ശിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി പ്രസംഗിച്ചു