NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് മൊഴിയെടുപ്പിനും ശേഷമായിരുന്നു അറസ്റ്റ്. വെള്ളയില്‍ പൊലീസായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത്. പിന്നീട് വനിതാ പൊലീസുള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഈ സറ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു.

നേരത്തെ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് എം.എസ്.എഫിലെ മറ്റ് സംസ്ഥാന നേതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

തന്നെ ആദ്യമായാണ് പൊലീസ് വിളിച്ചുവരുത്തുന്നതെന്നും കൂടുതല്‍ കാര്യങ്ങളൊന്നും പറയാനില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് മുന്‍പ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്. ഹരിത നല്‍കിയ പരാതിയെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു നവാസ് രംഗത്തെത്തിയത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

ഈ നടപടിയില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത നേതാവും സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായ മുഫീദ തെസ്നി രംഗത്തെത്തിയിരുന്നു.

മാധ്യമത്തില്‍ ‘ഞങ്ങള്‍ പൊരുതും; ഹരിത പകര്‍ന്ന കരുത്തോടെ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മുഫീദ തന്റെ പ്രതികരണം വ്യക്തമാക്കിയത്. അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും വനിതാകമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും മുഫീദ പറഞ്ഞിരുന്നു.

സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷയെന്നും എങ്കിലും ഇപ്പോഴും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മുഫീദ ലേഖനത്തില്‍ വ്യക്തമാക്കി. ഈ പോരാട്ടം തുടരുമെന്നും അതിനുള്ള കരുത്ത് ഹരിത തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഫീദ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്.

ഹരിത നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നായിരുന്നു പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞത്. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *