നിപ ഭീതിയൊഴിയുന്നു; സമ്പര്‍ക്ക പട്ടികയിലെ 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്


കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയില്‍ ആശ്വാസം. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലെ 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ പരിശോധനയ്ക്കയച്ച 30 സാംപിളുകളും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇനി 21 പേരുടെ സാംപിളുകള്‍ വരാനുണ്ട്. നിലവില്‍ 68 പേര്‍ മെഡിക്കല്‍ കേളേജില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്.
രോഗം സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു. 251 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.