ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു


കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ.
ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിർദ്ദേശമുയർന്നത്. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യാതിരുന്നതും തീരുമാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ള പരിശീലന സ്ഥാപനങ്ങൾക്ക്, ബയോബബിൾ മാതൃകയിൽ ഒരു ഡോസ് വാക്സീൻ പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.