സമ്മതിച്ചാൽ സുരേഷ് ഗോപി ബിജെപി അധ്യക്ഷനാവും; ജേക്കബ് തോമസും പരിഗണനയിൽ


തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെട്ടിലാക്കി കോഴ ആരോപണം അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുമെന്നാണ് സുചന.
ആരോപണമുയര്‍ന്നതോടെ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം എതിര്‍പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജ്യസഭാ എംപി കൂടിയായ സുരേഷ്‌ഗോപി എത്തുമെന്ന സൂചനകള്‍ വരുന്നത്.
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുമായുള്ള ചർച്ച നടക്കുകയാണെന്നാണ് വിവരം. സിനിമാ തിരക്കുകളുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മാറിനിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അവസരത്തിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ ജേക്കബ് തോമസിനെ പരിഗണിക്കാനാണ് സാധ്യത.
കെ സുരേന്ദരനെയും കൊടകര കുഴല്‍പണകേസില്‍ ആരോപണ വിധേയനായ സംഘടനാ സെക്രട്ടറി ഗണേഷിനെയും മാറ്റി നിര്‍ത്താനാണ് സാധ്യത. കേരളത്തിലെ ആര്‍എസ്എസിനെ മാറ്റി അമിത്ഷാ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കേരളത്തില്‍ അഞ്ച് സീറ്റെങ്കിലും കിട്ടുമെന്നായിരുന്നു ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചത്. ഇത് നടപ്പായില്ലെന്ന് മാത്രമല്ല ഉള്ള സീറ്റും നഷ്ടപ്പെടുത്തി. ഇതോടെ സംസ്ഥാന ആര്‍എസ്എസിനെയും ബിജെപിയെയും മുഖ വിലക്കെടുക്കാതെയാകും ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
തൃശൂരില്‍ അവസാന ഘട്ടത്തില്‍ പ്രചകരണത്തിനെത്തിയ സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒപ്പം ശബരിമല പോലുള്ള വിഷയങ്ങള്‍ക്കപ്പുറം ജനകീയ വിഷയങ്ങളില്‍കൂടി ഇടപെടണമെന്ന സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാല്‍ സുരേഷ്‌ഗോപിക്കാണ് സാധ്യത. തമിഴ്‌നാട്ടിലേതുപോലെ സിവില്‍ സര്‍വ്വീസില്‍ നിന്നെത്തിയ ജേക്കബ്‌തോമസും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ ദേശീയ നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന്റെ നിരീക്ഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി സി വി ആനന്ദബോസ് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി മറ്റൊരു അന്വേഷണ സമിതിക്കും ദേശീയ നേതൃത്വം രൂപം നല്‍കിയിരുന്നു.
നാല് ജനറല്‍ സെക്രട്ടറിമാരും, ഒരു വൈസ് പ്രസിഡന്റും അടങ്ങുന്ന അഞ്ച് സമിതികള്‍ നടത്തിയ തെരഞ്ഞെടുപ്പ് പരാജയ അന്വേഷണ സമിതി റിപ്പോര്‍ട്ടിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ കോന്നിയിലും, മഞ്ചേശ്വരത്തും മത്സരിച്ചതും, 35 സീറ്റ് നേടിയാല്‍ കേരളം തങ്ങള്‍ ഭരിക്കുമെന്ന പ്രസ്താവനയും തോല്‍വിയുടെ ആഴംകൂട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശിക തലങ്ങളിലെ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചയും റിപ്പോര്‍ട്ട് തുറന്നു കാട്ടുന്നു.
സംഘടനാ അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന്‍ പരാജയമാണെന്ന് സമ്മതിക്കുന്നതാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന് എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കെ പത്മനാഭന്‍ തുടങ്ങിയ നേതാക്കള്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. അതേസമയം ആര്‍എസ്എസുമായി അടുത്തു നില്‍ക്കുന്ന കുമ്മനം രാജശേഖരനെയും, ഒ രാജഗേപാലിനെയും വെട്ടി നിരത്തിയ സുരേന്ദ്രനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.