ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്; സ്വർണ്ണം നേടി ദിയോണ്‍ സാജുവും കൈലാസും


വള്ളിക്കുന്ന് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാർഥികൾ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദിയോണ്‍ സാജു, ആറാംക്ലാസ് വിദ്യാര്‍ത്ഥി കൈലാസുമാണ് ഓണ്‍ലൈന്‍ അങ്കത്തിൽ സ്വര്‍ണം നേടിയത്. കഴിഞ്ഞ ആഗസ്ത് ഒന്ന്, ഏഴ്, എട്ട് തിയ്യതികളിലായി നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് സംസ്ഥാനത്തെ വിവിധ കളരികളില്‍ നിന്നുള്ള പയറ്റ് വീരന്‍മാരെ തോല്‍പിച്ച് വള്ളിക്കുന്നിന് അഭിമാനമായി ഈ രണ്ടു കൊച്ചുവീരന്‍മാര്‍ സ്വര്‍ണം കരസ്ഥമാക്കിയത്.
അരിയല്ലൂർ ഭാര്‍ഗവ കളരിസംഘത്തിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ലോക്ക്ഡൗണില്‍ കളരി അടഞ്ഞു കിടന്നതോടെ പരിശീലനം മുടങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടുമുറ്റത്തും പറമ്പിലും സൗകര്യമൊരുക്കിയായിരുന്നു പരിശീലനം. മുടക്കമില്ലാത്ത പരിശീലനവും അര്‍പ്പണ മനോഭാവമാണ് ഇവരുടെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് നടത്തിപ്പുകാരന്‍ ഷിബു ഗുരുക്കൾ പറഞ്ഞു. ജില്ലാ-സംസ്ഥാന തലങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ദേശീയ ചാമ്പ്യന്‍ഷിപ്പിനു അര്‍ഹത നേടിയത്. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തായ ശേഷമാണ് ദേശീയ തലത്തില്‍ സ്വര്‍ണനേട്ടം കൊയ്തത്.
ഗ്രൗണ്ടുകളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇത്തവണ ഓണ്‍ലൈനായെങ്കിലും സ്വർണ്ണം നേടാനായതിന്റെ സന്തോഷഷത്തിലാണ് ദിയോണ്‍ സാജുവും കൈലാസും. കടലുണ്ടി ഐഡിയല്‍ സ്‌കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായായ ദിയോണ്‍ സാജു സാജു – ഷീജ ദമ്പതികളുടെ മകനാണ്. ഷാജി – ബബിത ദമ്പതികളുടെ മകനാണ് ആറാം ക്ലാസുകാരനായ കൈലാസ്. ഷിനു, വിപിന്‍ എന്നിവരാണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനും കേരള കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് ഓണ്‍ലൈന്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
അടുത്ത ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ചാമ്പ്യന്‍ഷിപ്പായ ഖേലോ ഇന്ത്യയിലേക്കും ഇരുവരും അര്‍ഹത നേടിയിട്ടുണ്ട്. ഇതേ കളരിസംഘത്തിലെ ആര്യാലാല്‍ ജില്ലാതലത്തില്‍ രണ്ടാംസ്ഥാനവും കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഹൈകിക്ക്, മെയ് പയറ്റ് വിഭാഗങ്ങളില്‍ അക്ഷയ് മൂന്നാംസ്ഥാനക്കാരനായിരുന്നു.