സ്‌കൂളുകള്‍ തുറക്കാൻ സര്‍ക്കാര്‍ ആലോചന, വിദഗ്ധ സമിതി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും; വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കിയത്. വാക്സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനാല്‍ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊവിഡ് നിര്‍ണയത്തിന് ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.
അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ തുറന്നിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. 50% വിദ്യാര്‍ത്ഥികളെ വീതമാണ് പ്രവേശിപ്പിക്കുക.