NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടന്‍ കലാഭവന്‍ മണിയുടെ സ്മാരക നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും : മന്ത്രി

നടന്‍ കലാഭവന്‍ മണിയുടെ സ്മാരക നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ചേനത്തുനാട്ടിലുള്ള മണിയുടെ വീടായ മണിക്കൂടാരത്തിനോട് ചേര്‍ന്നുള്ള മണിയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷം റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള സ്ഥലത്തിന് പുറമെ അധിക സ്ഥലം വിട്ടുകിട്ടിയാല്‍ കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിര്‍മ്മിച്ച് തിയ്യറ്റര്‍, ഓഡിറ്റോറിയം, പോക്കലോര്‍ അക്കാദമിയുടെ മുഴുവന്‍ പ്രവര്‍ത്തന കേന്ദ്രം ഇവിടെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ചാലക്കുടിയുടെ അഭിമാനമായ കലാഭവന്‍ മണിക്ക് സ്മാരകം ഉയരേണ്ടത് എത്രയും നേര്‍ത്തെ ആകണമെന്നാണ് തന്റെ അഭിപ്രായമെന്നും അതിനായി സാങ്കേതിക തടസ്സവാദം ഉണ്ടാകരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നിലവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച രണ്ട് കോടി രൂപക്ക് പുറമെ അധികഭൂമി വിട്ടുകിട്ടായാല്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മൂന്ന് കോടി രൂപ കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ 24സെന്റ് സ്ഥലമാണ് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിന് പുറമെ ഇതിനോട് ചേര്‍ന്ന അധികഭൂമി വിട്ടുതരണമെന്നും നഗരസഭയോട് മന്ത്രി നിര്‍ദേശിച്ചു.

കലാഭവന്‍ മണി സ്മാരകത്തിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്ത സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തന കാര്യങ്ങള്‍ക്ക് കലാഭവന്‍ മണി സ്മാരക ട്രസ്റ്റും ഫോക്ക്‌ലോര്‍ അക്കാദമിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, കൗണ്‍സര്‍മാരായ ബിജു എസ് ചിറയത്ത്, വി ജെ ജോജി, സി എസ് സുരേഷ്, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, ഡോ ആര്‍ എല്‍ വി രാമകൃഷ്ണന്‍, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, ടി പി ജോണി, കലാഭവന്‍ മണി സ്മാരക ട്രസ്റ്റ് അംഗങ്ങളായ അഡ്വ കെ ബി സുനില്‍കുമാര്‍, യു എസ് അജയകുമാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *