വിവാദങ്ങള്‍ അവസാനിപ്പിച്ചോ, ഇനി ചര്‍ച്ചയില്ല; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും സുധാകരന്റെ മറുപടി


സംസ്ഥാനത്തെ കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ഡിസിസി അധ്യക്ഷ പട്ടികയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലുടലെടുത്ത ആരോപണ പ്രത്യാരോപണങ്ങളില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നും ഉമ്മന്‍ചാണ്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞില്ലെന്നും, പ്രാഥമിക ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും അത് അപൂര്‍ണമായിരുന്നു എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. പ്രാഥമിക ചര്‍ച്ചകളില്‍ പലപേരുകളും ഉണ്ടായിരുന്നെന്നും താന്‍ പ്രത്യേകം ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡയറി പൊക്കിക്കാണിച്ചത് തെറ്റായെന്നും ഉമ്മന്‍ചാണ്ടി തുറന്നു പറഞ്ഞു.
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്നായിരുന്ന കെ മുരളീധരന്റെ നിലപാട്. ഡയറി ഉയര്‍ത്തുന്നത് സുധാകരന്റെ ശൈലിയാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.