NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എ മാരോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ചെന്നൈ: തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

‘ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യോത്തരവേളകളിലും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുത്. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നത്,  ഇത് അഭ്യര്‍ത്ഥനയല്ലെന്നും തന്റെ ഉത്തരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോള്‍. സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്.

കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാന്‍ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എം.എല്‍.എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്.

നേരത്തെ ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും നിയമസഭയിലും സജീവമായിരിക്കണമെന്ന് സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബജറ്റ് സമ്മേളന കാലത്ത് എം.എല്‍.എമാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ആഡംബര സമ്മാനങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും സ്റ്റാലിന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇനിമുതല്‍ എം.എല്‍.എമാര്‍ സ്വന്തം നിലയില്‍ ഭക്ഷണം ഏല്‍പ്പിക്കുകയോ അതുമല്ലെങ്കില്‍ കാന്റീനില്‍ പോയി കഴിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

വര്‍ഷങ്ങളായി ഓരോ വകുപ്പുകളാണ് നിയമസഭ സാമാജികര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിദിനം 1000 പേര്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇത് ഏകദേശം മൂന്നു ലക്ഷം രൂപയോളം പ്രതിദിനം ചെലവ് വരും. കൂടാതെ വിലകൂടിയ ട്രോളി ബാഗുകള്‍, വാച്ചുകള്‍ എന്നിവയെല്ലാം ബജറ്റ് സമ്മേളനം കാലയളവില്‍ നല്‍കി പോന്നിരുന്നു. ഈ ധൂര്‍ത്തിനാണ് സ്റ്റാലിന്‍ അവസാനമിട്ടത്.

Leave a Reply

Your email address will not be published.