വാരിയന്‍ കുന്നത്തിനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍; ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനും കൊലപാതകിയും സ്വാതന്ത്ര്യസമര സേനാനികളാണോ എന്നും മന്ത്രി


കോഴിക്കോട്: വാരിയന്‍ കുന്നനടക്കമുള്ള മലബാര്‍ സമര നേതാക്കളെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാരിയന്‍ കുന്നന്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളാണെന്ന് മുരളീധരന്‍ പറഞ്ഞു.
‘സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിംഗിന് തുല്യനാവുന്നത്? ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പൊലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിംഗ് വധിച്ചതായി എം.ബി രാജേഷിനും സി.പി.ഐ.എമ്മിനും ചൂണ്ടിക്കാട്ടാനാവുമോ?,’ മുരളീധരന്‍ ചോദിച്ചു.
ബ്രിട്ടീഷുകാരെ എതിര്‍ത്ത എല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്യൂണിസ്റ്റുകാര്‍ പറയുന്നതെന്നും ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കില്‍ പ്പെടുമോയെന്നുമാണ് കേന്ദ്രമന്ത്രി ചോദിക്കുന്നത്. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.