അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ല; പോസ്റ്റർ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ


എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോസ്റ്റർ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ലെന്നും സതീശൻ പറഞ്ഞു.
ഏത് പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ശക്തമായ നടപടികളുണ്ടാകുമെന്ന് സതീശൻ പറയുന്നു. വി ഡി സതീശന്റെയും കെ സുധാകരന്റെയും പേരിൽ കേരളത്തിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും സതീശൻ വ്യക്തമാക്കി.
എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രതിഷേധം നടന്നത് . വി.ഡി. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. വി.ഡി. സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി.ഡി. സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.