ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചി ട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്; ലീഗിന് പരാതി കൊടുക്കാന്‍ വൈകിയതെന്ത്? ഹരിത നേതാക്കള്‍ ക്കെതിരെ നൂര്‍ബിന റഷീദ്


എം.എസ്.എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. പാര്‍ട്ടിയില്‍ പരാതി കൊടുക്കാന്‍ തന്നെ എന്തിനാണ് ഇത്രയും വൈകിയതെന്ന് ഹരിത നേതാക്കളോട് നൂര്‍ബിന ചോദിച്ചു. ‘ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി? ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണം,’ നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.
‘കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിതകളോടെങ്കിലും പങ്കുവയ്ക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരുമാറ്റവും എവിടെയും നടത്താന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്,’ നൂര്‍ബിന പറഞ്ഞു. ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്‌ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു നൂര്‍ബിനയുടെ മറുപടി.
‘വിഭാഗിയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം, ലീഗ് വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോള്‍ മേലെ കേറിപ്പായാന്‍ എളുപ്പമാണ്. പക്ഷേ അതിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്,’ നൂര്‍ബിന പറഞ്ഞു. പൊതുജനമധ്യത്തില്‍ ലീഗിന്റെ സംഭാവനകള്‍ പുതുതലമുറയ്ക്ക് അറിയില്ല. വ്യക്തികളല്ല, സംഘടനയാണ് പ്രധാനം. സംഘടന എടുത്ത തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ആ ഫോറത്തിലാണ് സംസാരിക്കേണ്ടതെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ലീഗ് എടുത്ത നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.