ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കാത്ത നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ല; കാലിക്കറ്റ് സര്‍വകലാശാല എം.എസ്.എഫില്‍ കൂട്ടരാജി.


എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപ്‌സ് കമ്മിറ്റിയാണ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്.
ഹരിതാനേതാക്കളുടെ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രയാസമുണ്ടെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ക്യാംപസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി. അനസ്, ജനറല്‍ സെക്രട്ടറി കെ.സി. അസറുദ്ധീന്‍ എന്നിവരുടെ പേരോട് കൂടിയ പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് പ്രശ്നത്തിൽ നേതൃത്വം ഇടപെട്ടത്