NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുസ്‌ലിം ലീഗ്. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍.

ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടും. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട് .ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published.