തിരൂരങ്ങാടിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു


തിരൂരങ്ങാടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിയമസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായതെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു. തിരൂരങ്ങാടി കുടിവെള്ള പദ്ധതി എന്ന കല്ലക്കയം പദ്ധതി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, കുണ്ടൂര്‍ തോട് നവീകരണം എന്നീ പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടാണ് കെപിഎ മജീദ് എംഎല്‍എയുടെ ആവശ്യപ്രകാരം യോഗം ചേര്‍ന്നത്.
പി.കെ അബ്ദുറബ്ബ് എംഎല്‍എയായിരിക്കെ 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് കല്ലക്കയം കുടിവെള്ള പദ്ധതി എന്നറിയപ്പെടുന്ന തിരൂരങ്ങാടി വാട്ടര്‍ സപ്ലൈ സ്‌കീം. നിലവില്‍ കിണര്‍, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡ് പുനരുദ്ധാരണത്തിനുള്ള പണം അനുവദിക്കാനും ബാക്കി പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന രൂപത്തിലാണ് നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി രൂപ കല്പന ചെയ്തിട്ടുള്ളത്. 60 കോടി രൂപയാണ് എസ്റ്റിമേറ്റ് പ്രകാരം ഈ പദ്ധതിക്ക് ചെലവ് വരുന്നത് .സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസം അവസാനം ചേരുന്ന അടുത്ത സംസ്ഥാന തല സമിതിയില്‍ പദ്ധതി വിശദാംശങ്ങള്‍ വീണ്ടും സമര്‍പ്പിക്കാനും തീരുമാനമായി.
2016 ലെ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് കുണ്ടൂര്‍ തോട് നവീകരണം. ഈ പദ്ധതി നിര്‍വ്വഹണത്തിനുള്ള തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിച്ചു പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കെ.പി.എ മജീദ് എം.എല്‍.എ എന്നിവര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ പ്രസാദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയയര്‍ ശോഭ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റഷീദ്, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി.ബാപ്പുട്ടി, ടി.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.