മൂന്നിയൂരിൽ വൻതോതിൽ പാടം അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി .


മൂന്നിയൂരിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്തുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ആലിൻ ചുവട് കിഴക്കെ പാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ പാടമാണ് ഏറെ നാളായി അനധികൃതമായി ലോറികളിൽ മണ്ണെത്തിച്ച് നികത്തി കൊണ്ടിരിക്കുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും അവഗണിച്ച് നികത്തൽ തടസ്സമില്ലാതെ തുടരുകയാണ്.
ഇതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്ന ആക്ഷേപവുമുണ്ട്. നെല്ല് ഉൾപ്പടെയുള്ള കൃഷി നടന്നിരുന്ന പാടമാണ് ഇത്. പാടം നികത്താൻ സൗകര്യപ്രദമെന്ന രീതിയിൽ ഏറെ മുള തൈകളും പാടത്ത് നട്ടിട്ടുണ്ട്. നികത്തിയതിന് ശേഷം പ്ലോട്ടുകളാക്കി വൻ വിലക്ക് വിൽക്കാനുള്ള നീക്കമാണ് നടത്തുന്നത്. വയൽ നികത്തൽ നടക്കുന്ന കിഴക്കെ പാടം സി പി ഐ എം മൂന്നിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി വി പി വിശ്വനാഥൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വയൽ നികത്തൽ തടയാനുള്ള ശക്തമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടു.