മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരു വയസ്സ് തികയുമ്പോൾ ഇന്നും തീരാവേദന കടിച്ചമർത്തുകയാണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിയും കുടുംബവും. അബ്ദുറഹ്മാന്‍ കുട്ടിക്കും ഭാര്യ മുനീറക്കും മകന്‍ മുഹമ്മദ് സുഹൈലിനും ഗുരുതര പരിക്കുകള്‍ ആണ് അപകടത്തില്‍ ഉണ്ടായത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബ്ദുരഹ്മാൻ കുട്ടിയുടെ കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ ആയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വടിയില്‍ ഊന്നി നടന്നു തുടങ്ങിയെങ്കിലും വീണ്ടും വേദന വന്നു. ഒരിക്കല്‍ കൂടി ശസ്ത്രക്രിയ വേണ്ടി വന്നു.
വാക്കർ ഉപയോഗിച്ചാണ് ഇന്ന് അബ്ദുറഹ്മാന്‍ കുട്ടി നടക്കുന്നത്. വലതു കാലില്‍ ശസ്ത്രക്രിയകളുടെ ഉണങ്ങാത്ത മുറിപാടുകൾ. വാരിയെല്ലിന്റെ ഒരു ഭാഗം പൊടിച്ച് പൊട്ടിയ എല്ലിനൊപ്പം ചേര്‍ത്ത് ആണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോഴും പൂര്‍ണമായും പഴയ പോലെ ആയിട്ടില്ല. മുഖം ഇടിച്ചിരുന്നത് കൊണ്ട് മുഖത്ത് ചില ഭാഗത്ത് ഒന്നും തൊട്ടാല്‍ ഇപ്പോഴും അറിയില്ല. പല്ലുകള്‍ക്ക് ഇളക്കം പറ്റിയിരുന്നു. അനുഭവിക്കുന്ന വേദന വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകില്ല ഇദ്ദേഹത്തിന്.
മുനീറക്ക് ഇപ്പോഴും നടക്കാന്‍ സാധിക്കില്ല. തോളിന് ഏറ്റ പരിക്കുകള്‍ കൈകളുടെ ചലനത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. ഇനിയും ശസ്ത്രക്രിയകള്‍ ബാക്കി ഉണ്ട്. പാചകം ചെയ്യാനോ അലക്കാനോ ഒന്നും പഴയ പോലെ ആകില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.’ മുനീറ പറഞ്ഞു.
മകന്‍ മുഹമ്മദ് സുഹൈലിന് കാലുകള്‍ക്ക് ആയിരുന്നു പരിക്ക്. സ്‌കൂളില്‍ മികച്ച ഫുട്ബാള്‍ കളിക്കാരനായ സുഹൈൽ സ്‌കൂളിലെ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. പക്ഷെ ഇപ്പോൾ ഫുട്ബോൾ തട്ടാനോ സൈക്കിൾ ചവിട്ടാനോ ആകുന്നില്ല.
ഇനി ഗൾഫിലേക്ക് മടങ്ങാൻ ആകുമോ എന്ന് അറിയില്ല.’ അവിടെ ഉള്ളത് എല്ലാം വില്‍ക്കേണ്ടി വന്നു. വിസയുടെ കാലാവധിയും കഴിഞ്ഞു. മക്കളുടെ പഠനം ഒക്കെ നടക്കുന്ന സമയം ആണ്. പക്ഷേ ഇനി ഒന്നും പഴയ പോലെ ആകില്ല. അബ്ദു റഹ്മാന്‍ കുട്ടി പറഞ്ഞു. ഒമ്പത് വർഷത്തെ സര്‍വീസ് കൂടിഅബ്ദുറഹ്മാൻ കുട്ടിക്ക് ബാക്കി ഉണ്ട്.
ചികിത്സകള്‍ എല്ലാം എയര്‍ ഇന്ത്യയുടെ സഹായത്തോടെ ആണ് പുരോഗമിക്കുന്നത്. നഷ്ടപരിഹാര ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിയിട്ടില്ല. ഈ ശാരീരിക പ്രയാസങ്ങള്‍ എല്ലാം അതിജീവിച്ച് നാട്ടില്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇനി പ്രതീക്ഷ ഈ നഷ്ടപരിഹാര തുകയില്‍ ആണ്. സര്‍ക്കാരുകളുടെ സഹായ വാഗ്ദാനം വെറും വാക്ക് മാത്രമായി എന്ന് അബ്ദു റഹ്മാന്‍ കുട്ടി പറയുന്നു. അപകടത്തില്‍ ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ഒരു സമാധാനത്തിലാണ് ഇന്ന് ഇദ്ദേഹം കഴിയുന്നത്.