അഴിമുഖത്ത് കടല്‍ ക്ഷോഭത്തില്‍ തോണി മറിഞ്ഞു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി


വള്ളിക്കുന്ന്: കടലുണ്ടി നഗരം അഴിമുഖത്ത് തോണി മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
കടലില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ച് വരുകയായിരുന്ന വെള്ളോടത്തില്‍ അല്‍ത്താഫ്, കുട്ടിച്ചിന്റെ പുരക്കല്‍ അന്‍സാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കൃത്യ സമയത്ത് തന്നെ ഇടപെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട രണ്ട് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്താനായി.
ഉദ്ഘാടനം കഴിഞ്ഞ് മത്സ്യ ബന്ധനത്തിന് പുറപ്പെടാന്‍ തയ്യാറായി നിന്ന തൗഹീദ് എന്ന തോണിയിലെയും മറ്റൊരു തോണിയിലെയും മത്സ്യത്തൊഴിലാളികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കടലുണ്ടി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടിയതിനാല്‍ പ്രദേശത്ത് കടല്‍ക്ഷോഭം പതിവാണ്.
ജീവന്‍ പണയം വെച്ചാണ് അഴിമുഖം വഴി മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത്. ഒരു മാസം മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി പ്രദേശം സന്ദര്‍ശിച്ച് അഴിമുഖത്ത് കുന്ന് കൂടിയ മണല്‍ നീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.