കൊട്ടിയൂര്‍ പീഡന കേസ്; റോബിന്‍ വടക്കുഞ്ചേരി ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. റോബിന്‍ വടക്കുഞ്ചേരിയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വകാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീംകോടതിയില്‍ റോബിന്‍ വടക്കുഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്ന പെൺകുട്ടിയുടെ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതിയായ റോബിന് 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.