അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഓർമകൾക്ക് ഇന്ന് 41 വയസ്സ്


അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഓർമകൾക്ക് ഇന്ന് 41 വയസ്സ്. സംഗീതനന്ദിയുടെ ഒഴുക്കുനിലച്ച ദിവസം. എത്ര വർഷങ്ങള്‍ പിന്നിട്ടാലും മറന്നുപോവുന്നതല്ല ആ ശബ്ദവും അതില്‍ നിന്നുതിര്‍ന്നു വീണ പ്രണയവും വേദനയും പ്രതീക്ഷയും കലര്‍ന്ന ഗാനങ്ങളും. കാരണം, അത് വെറും പാട്ടുകളായിരുന്നില്ല; ജീവനും ജിവിതവും ചേര്‍ന്നു നില്‍ക്കുന്ന കാലത്തിന്റെയും അനുഭവങ്ങളുടെയും ഹൃദയത്തിലെ അടയാളപ്പെടുത്തലുകളായിരുന്നു.
1924 -ല്‍ ജനിച്ച്, വെറും 55 വര്‍ഷം മാത്രം ജീവിച്ച ആ മനുഷ്യന്റെ ശബ്ദം നിലച്ചപ്പോള്‍ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്നവരുടെയെല്ലാം ഹൃദയങ്ങള്‍ പെട്ടെന്ന് നിശബ്ദമായിപ്പോയിരുന്നു. എന്നാലും ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾക്കു മാധുര്യം ഒട്ടും കുറഞ്ഞിട്ടില്ല.ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനായിരുന്നു മുഹമ്മദ് റഫി. 1924 ഡിസംബർ 24–ാം തിയ്യതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) മുഹമ്മദ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു.
1941ല്‍ ശ്യാം സുന്ദറിന്റെ “ഗുല്‍ബലോച്ച്” എന്ന പഞ്ചാബി സിനിമയിലാണ് അദ്ദേഹം ആദ്യമായി പാടിയത്. പതിനേഴാം വയസ്സിലായിരുന്നു ഇത്. പിന്നീടുള്ള ഏകദേശം നാൽപ്പതു കൊല്ലത്തോളം അഞ്ചു വർഷത്തെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഇന്ത്യയിൽ മുഹമ്മദ് റഫി യുഗം തന്നെയായിരുന്നു. റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത് നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ “സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ ” ഓ ദുനിയാ കേ രഖ് വാലേ” എന്നീ ഗാനങ്ങളിലൂടെയായിരുന്നു. ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ് മുഹമ്മദ് റഫി ഓർമ്മിക്കപ്പെടുന്നത്.
ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967-ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഫിയുടെ ശബ്ദത്തെ ഫാൻസ് വിശേഷിപ്പിക്കുന്നത് അമാനുഷിക ശബ്ദം എന്നാണ്.എത്ര വര്‍ഷം കഴിഞ്ഞാലും റഫിയെ സാധാരണക്കാരായ സംഗീതാസ്വാദകര്‍ മറക്കില്ല. പുതു തലമുറയും റഫിയിലെ സംഗീത മാന്ത്രികനെ പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഗീതമുള്ള കാലത്തോളം, ആസ്വാദകരുടെ മനസില്‍ റഫിയുടെ പാട്ടുകള്‍ എന്നും നിറഞ്ഞുനിൽക്കും..