തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര ഐ.പി നാളെ (വ്യാഴം)മുതല്‍ ആരംഭിക്കും


തിരൂരങ്ങാടി: ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര ഐ.പി നാളെ (വ്യാഴം) മുതല്‍ പുനരാരംഭിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിലെ ഒന്നാം നിലയായിരിക്കും ഐ.പിക്കായി ഉപയോഗിക്കുക. ഇപ്പോള്‍ 12 ബെഡുകളാണ് ഐ.പിക്കായി തയ്യാറാക്കിയിട്ടുള്ളത്. തിങ്കളാഴ്ച്ചയോടെ 25 ബെഡുകള്‍ കൂടി ഒരുങ്ങുമെന്ന് ആശുപത്രി സുപ്രണ്ട് ഡോ. നസീമ, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രാജഗോപാല്‍ എന്നിവര്‍ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ ഇവിടം കൂടി കോവിഡ് ഐ.പിക്കായി ഉപയോഗിക്കും. അത് വരെ ഇതര ഐ.പികള്‍ ഇവിടെ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓക്‌സിജന്‍ പൈപ്പ് ലൈന്‍ വര്‍ക്ക് പുരോഗമിക്കുന്ന ഇതേ കെട്ടിടത്തിലെ ബാക്കി ഭാഗം കൂടി ഐ.പിക്കായി ഉപയോഗിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മെയ്ന്റനന്‍സ് പ്രവൃത്തിക്ക് എച്ച്.എം.സി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ടോയ്‌ലറ്റ് നവീകരണം, വയറിംഗ് തകരാര്‍ പരിഹരിക്കല്‍, ചോര്‍ച്ച എന്നിവ പരിഹരിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ കിടത്തി ചികില്‍സക്ക് വേണ്ടി ഉപയോഗിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.
ആശുപത്രയിൽ കിടത്തി ചികിത്സ മുടങ്ങിയതിനെ തുടർന്ന് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, നവാസ് ചെറമംഗലം, നഗരസഭ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കിടത്തി ചികില്‍സ ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28-ന് യൂത്ത്‌ലീഗ് ആശുപത്രിയിലേക്ക് മാർച്ചും നടത്തിയിരുന്നു. തുടർന്നാണ് കിടത്തി ചികില്‍ക്ക് നടപടിയായത്.