ജല്‍ജീവന്‍ മിഷന്‍: ജില്ലയില്‍ 6.43 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി; 1.9 ലക്ഷം വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തി തുടങ്ങി
1 min read

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും ഗ്രാമീണ ഭവനങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷനില്‍ ജില്ലയില്‍ 6.43 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി. 2.69 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ക്ക് ഭരണാനുമതിയായി ജില്ലയില്‍ പ്രവൃത്തി തുടങ്ങി. 2.44 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഓഗസ്റ്റ് ആദ്യവാരത്തിലും ലഭിക്കും. 2020-21 വര്‍ഷത്തിലാണ് 2.69 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ 620 കോടി രൂപ വിനിയോഗിക്കാന്‍ അനുമതി നല്‍കി ജില്ലയില്‍ അനുവദിച്ചത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2.44 ലക്ഷം വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള പദ്ധതി ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഡിസ്ട്രിക്റ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ സ്റ്റേറ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷനില്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചു. ഇതിന് ഓഗസ്റ്റ് ആദ്യവാരത്തില്‍ നടപടിയാകുമെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി പ്രസാദ് പറഞ്ഞു. 1994 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള ഭവനങ്ങളില്‍ വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ ഈ വര്‍ഷം തന്നെ നടപടിയാകും. ജില്ലയിലെ 98 ഗ്രാമപഞ്ചായത്തുകളിലായി 7.87 ലക്ഷം ഗ്രാമീണ ഭവനങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണ ഭവനങ്ങളുള്ള ജില്ലയും മലപ്പുറമാണ്. ഇവിടങ്ങളിലെല്ലാം 2024ഓടെ സമ്പൂര്‍ണ്ണ ജലലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരാള്‍ക്ക് പ്രതിദിനം ചുരുങ്ങിയത് 55 ലിറ്റര്‍ ശുദ്ധജലം നല്‍കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി നിര്‍വ്വഹണ ചെലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പകുതി വീതം വഹിക്കും. ഇതില്‍ പദ്ധതി ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാറും 15 ശതമാനം പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താക്കളും നല്‍കും. 47000 രൂപ ഒരു കണക്ഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അധികമായി വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വിനിയോഗിക്കുകയാണ്. സമയബന്ധിതമായി ജില്ലയില്‍ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളായിട്ടുണ്ട്. നിലവില്‍ 1.9 ലക്ഷം വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തിയാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. ഇതിനകം 35000ത്തോളം കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍കാരണം അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിലെ തടസ്സം പ്രവൃത്തിയില്‍ നേരിയ കാലതാമസത്തിനിടയാക്കി.
വാട്ടര്‍ അതോറിറ്റി, ജലനിധി എന്നിവയാണ് പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍. പഞ്ചായത്തുകളെ പദ്ധതി നിര്‍വ്വഹണത്തിന് സഹായിക്കാന്‍ ഇന്‍സിസ്റ്റ്യൂഷനല്‍ സപ്പോര്‍ട്ടിങ് ഏജന്‍സിയുമുണ്ട്. ഇതിന് പുറമെ ഗുണനിലവാരം പരിശോധിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പരിശോധന സംവിധാനവുമുണ്ട്. ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യയാണ് പരിശോധന നടത്തുക. വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറാണ് ജല്‍ജീവന്‍ മിഷന്റെ കേരള ഡയറക്ടര്‍. സ്റ്റേറ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷനില്‍ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, ജല്‍ജീവന്‍ മിഷന്‍ കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. ഡിസ്ട്രിക്റ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്റെ ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്.
വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ ടി സുരേഷ് ബാബുവാണ് മെമ്പര്‍ സെക്രട്ടറി. വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. വില്ലേജ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷനില്‍ പഞ്ചായത്ത് പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ ചെയര്‍മാനാകാം. സെക്രട്ടറിയാണ് കണ്‍വീനര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, അതത് മേഖലയിലെ പ്രാവീണ്യമുള്ളവര്‍ എന്നിവരാണ് അംഗങ്ങള്‍.