NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു;’ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു; വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്

1 min read

ഒന്നാം കോവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ  ‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു’ എന്ന വ്യാജ സന്ദേശം കോവിഡിന്റെ രണ്ടാം തരംഗത്തിലും ജില്ലയില്‍ സജീവമാകുന്നതായും ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അക്ഷയ മലപ്പുറം ജില്ലാ പ്രൊജക്ട് മാനേജര്‍ പി. ജി ഗോകുല്‍ അറിയിച്ചു. വ്യാജ സന്ദേശത്തെ തുടര്‍ന്ന്  നിരവധി രക്ഷിതാക്കളാണ്  തട്ടിപ്പിനിരയായത്. 10,000 രൂപ ലഭിക്കാനായി നിജസ്ഥിതി അന്വേഷിക്കാതെ അക്ഷയ  കേന്ദ്രങ്ങളിലേക്ക് രക്ഷിതാക്കള്‍ ഇപ്പോഴും എത്തി കൊണ്ടിരിക്കുകയാണ്.

കോവിഡ് 19 സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാര്‍ഥ്യമറിയാതെ അധ്യാപകരടക്കം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നതിനാല്‍ രക്ഷിതാക്കളും ആവേശത്തിലാണ്. എന്നാല്‍ അപേക്ഷയ്‌ക്കൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കുന്നുണ്ട്. ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അപേക്ഷയും രേഖകളും രജിസ്‌ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന്   വ്യക്തമായിട്ടുണ്ട്.

ഇത്തരമൊരു പദ്ധതിയില്ലെന്നറിയാവുന്ന അക്ഷയക്കാര്‍ തട്ടിപ്പ് ചൂണ്ടിക്കാട്ടി വ്യാജസന്ദേശമാണിതെന്നും പറ്റിക്കാനാണിതെന്നും അറിയിച്ച് തിരിച്ചയക്കുമ്പോള്‍ വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുകയാണ് രക്ഷിതാക്കള്‍. പണം ഈടാക്കുമെന്നതില്‍ വ്യാജസേവന കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും സഹായം ചെയ്തുകൊടുക്കുകയും ചെയ്യും. പറ്റിക്കപ്പെട്ടിട്ടും നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാല്‍ ആരും പരാതിയുമായി പോകില്ല. ഇതറിയാവുന്ന തട്ടിപ്പുസംഘം വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി ‘അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു’ എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്, ലോക് ഡൗണ്‍ കാലത്ത് വ്യാപരികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ  വ്യാജ പ്രചാരണം കോവിഡിന്റെ മറവില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ഐ.ടി മിഷന്‍, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം.

ഇത്തരത്തിലുള്ള വ്യാജ പ്രചാരണം കേരളത്തില്‍ മുമ്പുണ്ടായിരുന്നതെന്നും  അപ്പോള്‍ സംസ്ഥാന ഐ.ടി. മിഷന്‍ തന്നെ ഈ വ്യാജസന്ദേശത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ അതേ സന്ദേശംതന്നെ വീണ്ടും പ്രചരിക്കുകയാണ്. ഇതില്‍ നടപടികള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഐ.ടി. മിഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതെന്നും അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.