NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം നാളെ

 

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടിയേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകുന്നേരം വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക.

ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാല്‍ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകള്‍ നടത്തുന്നതിനാലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി പത്തിന് മുകളില്‍ത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നാളെ ജില്ലാ കളക്ടര്‍മാരുമായി നടത്തുന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ലോക്ഡൗണ്‍ ഇളവുകളിലെ തീരുമാനം വരിക.

ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രസംഘം കൊവിഡ് വ്യാപനവും ഇതിനെ തടയാനുള്ള സജ്ജീകരണങ്ങളും വിലയിരുത്താനായി ഇന്ന് രാവിലെ എത്തി. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങള്‍ പരിശോധിച്ച കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കണമെന്ന് കേന്ദ്രസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ കേസുകള്‍ കൂടും. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് നല്‍കിയ ഇളവുകളെത്തുടര്‍ന്നായിരുന്നു കേസുകള്‍ കൂടിയതെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷവും ഓണാഘോഷക്കാലത്ത് ഇതേ സാഹചര്യമാകും ഉണ്ടാവുക. കേസുകള്‍ കൂടാതിരിക്കാന്‍ നല്ല ജാഗ്രത വേണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *