പരപ്പനങ്ങാടി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കേസില്‍ കാസര്‍കോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരൂരങ്ങാടി മമ്പുറം ഭാഗത്തു നിന്നാണ് മൂന്നുയുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ പോലീസ് കാറില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെയും പെണ്‍കുട്ടിയെയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തും സിപിഒ ഡ്രൈവര്‍ സുധീഷും ജീപ്പില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മമ്പുറം ഭാഗത്ത് റണ്‍വെ തെറ്റിച്ചു വന്ന ആള്‍ട്ടോ കാറില്‍ പരിശോധന നടത്തിയതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മൂന്ന് യുവാക്കളെയും കണ്ടെത്തുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അയാള്‍ ആവശ്യപ്പെട്ടതു പ്രകാരം വീട്ടുകാര്‍ അറിയാതെ വീടുവിട്ടിറങ്ങി പോകുകയായിരുന്നു.
കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. പോലീസ് പരിശോധനയില്‍ കാസര്‍കോഡ് സ്വദേശികളായ മുഹമ്മദ്‌നിയാസ് (22) , മുഹമ്മദ് ഷാഹിദ് (20), അബു താഹിര്‍ (19) എന്നിവരാണ് പിടിയിലായത്. നിയാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടിയൊന്നിച്ചുള്ള ഫോട്ടോകള്‍ കണ്ടെത്തി. തുടര്‍ന്ന് സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുധയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പ്ലസ്ടുവിനു പഠിക്കുകയാണെന്നും 17 വയസാണ് പ്രായമെന്നും നിയാസുമായി ഏപ്രില്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ കോണ്‍ടാക്ട് ഉണ്ടെന്നും നിയാസ് തന്നെ പ്രണയിക്കുന്നുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കിയത്.
ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഉമ്മയുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അയല്‍വാസിയും ബന്ധുവുമായ മറ്റൊരു പെണ്‍ കുട്ടിയുടെ ഫോണിലൂടെയാണ് താന്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്നും ഉമ്മയുടെ ഫോണിലെ വാട്‌സ് ആപ്പിലൂടെ നിയാസിന്റെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാറുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ മാതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്‍ കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാം പ്രതി അബൂതാഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയുമായും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും വ്യക്തമായിട്ടുണ്ട്.