റേഷൻ കാർഡ് തരം തിരിവ് : മാനദണ്ഡങ്ങൾ പുന:പരി ശോധിക്കണം – പ്രവാസി ലീഗ്


തിരൂരങ്ങാടി: റേഷൻ കാർഡ് തരം തിരിവ് സംബന്ധിച്ച് സിവിൽ സപ്ലൈസ് നടത്തുന്ന നടപടികൾ നിർത്തി വെക്കണമെന്നും കാർഡുടമയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിശോധിച്ചാവണം തരം തിരിക്കൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള ഒരു വീടുണ്ട് എന്നത് കുറ്റമായി കാണുകയാണ്. വിദേശ നാടുകളിൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് അധ്വാനിച്ച പലരുടെയും സമ്പാദ്യം ഒരു വീട് മാത്രമാണ്.
എന്നാൽ അവരുടെ ജീവിതാവസ്ഥ ദയനീയമാണ്. സർക്കാരിന്റെ ഈ റേഷൻ കാർഡ് സറണ്ടർ തീരുമാനപ്രകാരം പലർക്കും നഷ്ടമാകുന്നത് റേഷൻ ആനുകൂല്യങ്ങൾ മാത്രമല്ല. വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങൾ, വ്യക്തിഗത ആനുകൂല്യങ്ങൾ സാമൂഹ്യക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയൊക്കെയാണ്. വലിയൊരു വിഭാഗം കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിന് കണ്ടെത്തിയ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ജീവിതം വഴിമുട്ടി നിൽക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്.
നല്ല വസ്ത്രവും സൗകര്യമായ വീടുണ്ടാക്കലും മലയാളികളുടെ ശീലമാണ്. അതിനായി അവർ കടം വാങ്ങിയും മറ്റും ലക്ഷ്യം നിറവേറ്റും. എന്നാൽ അവരിൽ ഭൂരിഭാഗത്തിന്റെയും വസ്തുവഹകൾ ബാങ്കുളിലായിരിക്കും എന്നത് തീർച്ചയാണ്. സർക്കാർ നിശ്ചയ പ്രകാരമുളള മഞ്ഞ, പിങ്ക് കാർഡുകൾ മാറ്റണമെന്ന തീരുമാനം അവരുടെ ജീവിത ചുറ്റുപാട് പഠിച്ചും അന്വേഷിച്ചുമാകണമെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, വൈസു പ്രസിഡണ്ടുമാരായ കെ.സി. അഹമ്മത്, ജലീൽ വലിയ കത്ത് , പി.എം കെ. കാഞ്ഞി യൂർ, ഉമയനല്ലൂർ ശിഹാബുദ്ധീൻ സെക്രട്ടറിമാരായ കെ.വി മുസ്തഫ, സലാം വളാഞ്ചേരി എൻ.പി ഷംസുദ്ധീൻ കെ.കെ അലി കലാപ്രേമി ബഷീർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.