NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എട്ടുവർഷമായി വൈദ്യുതി ലഭിച്ചില്ല; ബാറ്ററി വെളിച്ചത്തിൽ കുട്ടികളുടെ പഠനം, ദുരിതത്തിലായി ബാബുവും കുടുംബവും

റിപ്പോർട്ട്:  ഇഖ്ബാൽ പാലത്തിങ്ങൽ

തിരൂരങ്ങാടി: വീടുവെച്ച് താമസം തുടങ്ങിയത് മുതൽ എട്ടുവര്‍ഷത്തോളമായി വൈദ്യുതി ലഭിക്കാതെ കൂരിരുട്ടിലാണ് ഒരു കുടുംബം. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥമൂലം കാലങ്ങളായി ഇരുട്ടിൽ കഴിയുന്നത്. വൈദ്യുതി ഇല്ലെങ്കിലും കുടുംബത്തിന് റേഷൻ കാർഡിൽ വീട്  വൈദ്യുതീകരിച്ചതാണെന്ന തെറ്റായ വിവരം രേഖപ്പെടുത്തിയതിനാല്‍ വൈദ്യുതിക്കായുള്ള അപേക്ഷ കെഎസ്ഇബി നിരസിച്ചു.  ബാബുവിന്റെ ഭാര്യ ലിജിഷയുടെ പേരിലുള്ള റേഷന്‍കാര്‍ഡിലാണ് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

വീട്ടിലേക്ക് വൈദ്യുതി എത്തണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ഇലക്ട്രിക്കല്‍ പോസ്റ്റുകളെങ്കിലും വേണം. ദാരിദ്രരേഖയ്ക്ക് മുകളിലുള്ള റേഷന്‍ കാര്‍ഡായതിനാല്‍ വൈദ്യുതിക്കായുള്ള അപേക്ഷ ആദ്യമേ പരിഗണിക്കപ്പെട്ടില്ല. പിന്നീട് റേഷന്‍ കാര്‍ഡ് ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡില്‍ വൈദ്യുതീകരിച്ച വീടെന്ന് രേഖപ്പെടുത്തി. ഇതോടെ  കെഎസ്ഇബിയില്‍ വൈദ്യുതിയ്ക്കായി രണ്ടാമതായി നല്‍കിയ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.

സുഹൃത്തിന്റെ ഗുഡ്സ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്നു കുട്ടികളുടെ പഠനവും കുടുംബത്തിന്റെ മറ്റു ചെലവുകളും ബാബു നിര്‍വ്വഹിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ ഇല്ലാതെ ഇവരുടെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. ദിവസവും വൈകുന്നേരങ്ങളിൽ വെളിച്ചത്തിനായി ഓട്ടോ വീട്ടുമുറ്റത്ത് എത്തിക്കും. ഓട്ടോയുടെ ബാറ്ററിയില്‍ നിന്നാണ് രാത്രികാലങ്ങളില്‍ കുട്ടികളുടെ പഠനത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ബാബു വെളിച്ചമെടുക്കുന്നത്.

ഒന്നര വര്‍ഷത്തോളമായി ഇങ്ങനെയാണ് കുട്ടികളുടെ പഠനം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് കുടുംബ വീടുകളിലും പോകണം. വയലിനോട് ചേര്‍ന്ന സ്ഥലത്ത് വീടായതിനാല്‍ ഇഴജന്തുക്കളുടെ ശല്യം പല ദിവസങ്ങളിലും ഇവരുടെ ഉറക്കം കെടുത്താറുണ്ട്. രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ ആശങ്കയിലാണെന്ന് വീട്ടമ്മയായ ലിജിഷയും പറയുന്നു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കിയെന്ന് സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശപ്പെടുമ്പോഴാണ് ബാബുവിന്റെയും കുടുംബത്തിന്റെയും ഈ ദുരവസ്ഥ.

Leave a Reply

Your email address will not be published.