വായന ദിനത്തിൽ കുട്ടികളെ തേടി പുസ്തക വണ്ടിയെത്തി


തിരൂരങ്ങാടി: വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവ. എൽ.പി. സ്കൂൾ. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വായന ദിനത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളാണ് നടത്തപ്പെടാറുള്ളത്. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികൾ ഏറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്.
അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ വീടുകളിലേക്കെത്തിക്കുകയായിരുന്നു. പി.ടി.എ പ്രസിഡണ്ട് പി.പി. സെയ്ദ് മുഹമ്മദ്, പ്രധാനധ്യാപകൻ സോമരാജ് പാലക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം, , ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി.