കൽപുഴ : കോടികളുടെ അഴിമതി ആരോപണം; പഴുതടച്ച അന്വേഷണം വേണം: ഐ.എൻ.എൽ


പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം കൽപുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്ത് കൊണ്ടു വരുന്നതിന് പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴരക്കോടി രൂപ വകയിരുത്തി 2014-ൽ ഹാർബർ ഫിഷറീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കൽപുഴ നവീകരിച്ച് മത്സ്യ വളർത്തൽ കേന്ദ്രത്തിന് ഫണ്ടനുവദിച്ചത്.
എന്നാൽ മൂന്ന് ഘട്ടമായി നടത്തേണ്ട പ്രവർത്തിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് 98 ലക്ഷം രൂപക്ക് കരാറായിരുന്നു. കൽപുഴയിൽ നിന്ന് 15000 ലോഡ് മണൽ മാലിന്യം നീക്കം ചെയ്യുന്നതിന്പകരം ആകെ 500 ലോഡ് മാത്രം നീക്കം ചെയ്തിട്ടുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യഘട്ട പ്രവൃത്തിയിൽ തന്നെ അഴിമതിയുണ്ടെന്ന് കാണിച്ച് നാട്ടുകാർ വിജിലൻസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതിയുണ്ട്.
തുടർന്ന് രണ്ടാം ഘട്ട പ്രവർത്തിയായ പുഴ നവീകരണത്തിനും മറ്റും മൂന്നരക്കോടി പാസാക്കിയെങ്കിലും ഉദ്യോഗസ്ഥരും, കരാറുകാരനും, രാഷ്ട്രീയ ഉന്നതരും ചേർന്ന് മേൽ പ്രവൃത്തി നടത്താതെ ഫണ്ട് വാങ്ങി വീതം വെച്ചു എന്ന ആരോപണത്തിലും, സമഗ്രമായ അന്വേഷണം നടത്തി കൽപുഴ മത്സ്യ വളർത്തുകേന്ദ്രത്തിൻ്റെ മേലുള്ള അഴിമതി പുറത്തുകൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ജനകീയ പങ്കാളിത്തത്തോടെ പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഓൺലൈനിൽ കൂടിയ യോഗത്തിൽ കോയ ഉള്ളണം, സലിം ബാബു, ബഷീർ മാസ്റ്റർ, ഷാജിസമീർ പാട്ടശ്ശേരി, അബൂബക്കർ ചെറമംഗലം, പി.വി. ശംസുദ്ധീൻ, കരീം പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.