കൽപുഴ നവീകരണത്തിൽ കോടികളുടെ അഴിമതി ആരോപണം; സമഗ്ര അന്വേഷണം വേണമെന്ന് പി.ഡി.എഫ്.


പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം കൽപുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്ത് കൊണ്ടു വരുന്നതിന് സമഗ്ര അന്വേഷണം വേണമെന്ന് പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആവശ്യപ്പെട്ടു. ഏഴരക്കോടി രൂപ വകയിരുത്തി 2014-ൽ ഹാർബർ ഫിഷറീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കൽപുഴ നവീകരിച്ച് മത്സ്യ വളർത്തൽ കേന്ദ്രത്തിന് ഫണ്ടനുവദിച്ചത്. എന്നാൽ മൂന്ന് ഘട്ടമായി നടത്തേണ്ട പ്രവർത്തിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് 98 ലക്ഷം രൂപക്ക് കരാറായി. കൽപുഴയിൽ നിന്ന് 15000 ലോഡ് മണൽ മാലിന്യം നീക്കം ചെയ്യുന്നതിന്പകരം ആകെ 500 ലോഡേ നീക്കം ചെയ്തിട്ടുള്ളൂ എന്നും പ്രദേശവാസികൾ പറയുന്നു.
ഒന്നാം ഘട്ട പ്രവൃത്തിയിൽ തന്നെ അഴിമതിയുണ്ടെന്ന് കാണിച്ച് പ്രദേശ വാസികൾ വിജിലൻസിനെ സമീപിച്ചിട്ടും നാളിതു വരെ ഒരു നടപടിയുമായിട്ടില്ല. പിന്നീട് രണ്ടാം ഘട്ട പ്രവർത്തിയായ പുഴ നവീകരണത്തിനും മറ്റും മൂന്നരക്കോടി പാസാക്കിയെങ്കിലും ഉദ്യോഗസ്ഥരും, കരാറുകാരനും, രാഷ്ട്രീയ ഉന്നതരും കൂടി മേൽ പ്രവൃത്തി നടത്താതെ ഫണ്ട് വാങ്ങി വീതം വെക്കുകയായിരുന്നതായാണ് ആരോപണമുള്ളത്.
ഏറെ ബൃഹത്തായ പദ്ധതയായിരുന്ന കൽപുഴ മത്സ്യ വളർത്തു കേന്ദ്രത്തിൻ്റെ മേൽ അഴിമതി പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പി.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. ഓൺലൈനിൽ കൂടിയ യോഗത്തിൽ മനാഫ് താനൂർ, ഷാജി മുങ്ങാത്തം തറ, പി.പി.അബൂബക്കർ ,പി.രാമാനുജൻ, റഫീഖ് ബോംബെ, ഏനു കായൽ മoത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.