അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടു പോകുന്നത് തടഞ്ഞ് മകൻ; ഗേറ്റ് താഴിട്ട് പൂട്ടി…

(പ്രതീകാത്മക ചിത്രം)

അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ് മകൻ. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ടു പൂട്ടി. സംഭവം നടന്നത് കേരളത്തിൽ തന്നെ. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറത്തിലാണ് കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്കു കൊണ്ടുപോകാനിരിക്കേയാണ് മകൻ ഗേറ്റ് പൂട്ടിയത്. ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ ഈ വഴി മാത്രമേ ഉള്ളൂ.
മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡി. കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്. കുടുംബ വീട്ടിലൂടെ മൃതദേഹം കൊണ്ടുപോകാൻ പറ്റില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. സ്വത്തു തർക്കമുള്ളതിനാലാണ് കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകൻ തടഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൻ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ മൃതേദഹം എത്തിച്ച് സംസ്കരിച്ചത്.