NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

80: 20 അനുപാതം: റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് അപ്പീല്‍ നൽകും

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീ​ഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീം ലീ​ഗ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോട് യോജിക്കാൻ കഴിയില്ല എന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. വസ്തുതകൾ കണക്കിലെടുക്കാതെയുള്ള വിധിയാണിതെന്നും ലീഗ് പറഞ്ഞു.

 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിശീലനം ആരംഭിക്കാനുള്ള ഈ പദ്ധതി നൂറു ശതമാനം മുസ്ലിം വിഭാഗത്തിനുള്ളതാണ്. കാലക്രമേണ അത് ഇരുപത് ശതമാനം പരിവർത്തിത ക്രിസ്ത്യാനികൾക്കും ലത്തീൻ കത്തോലിക്ക വിഭാഗത്തിനും കൂടി കൊടുക്കുന്ന ഒരു വകുപ്പ് എഴുതി ചേർക്കുകയാണ് ഉണ്ടായത്. അന്ന് മുതൽ ഉയർന്നു വരുന്ന ഒരു ദുരാരോപണമാണ് ന്യൂനപക്ഷത്തിന് കിട്ടുന്നതിൽ എങ്ങനെയാണ് എൺപത് ശതമാനം മുസ്ലിങ്ങൾ എടുക്കുന്നത് എന്ന്. നൂറ് ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടി സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം കൊണ്ടുവന്ന ഈ പദ്ധതി യാതൊരു കാര്യവുമില്ലാതെ ചില ആളുകൾ എതിർത്തു വരികയായിരുന്നു. ക്രിസ്ത്യൻ ന്യൂപക്ഷങ്ങളുടെ പ്രശനങ്ങൾ പഠിച്ച് അതിനുവേണ്ട പരിഹാര നടപടികൾ മറ്റൊരു പദ്ധതിയായി ആവഷ്കരിക്കുകയാണ് വേണ്ടതെന്നും ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

 

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലുള്ള അനുപാതം പുനർനിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.ജനസംഖ്യാ അനുസരിച്ച് നിലവിലെ അനുപാതത്തിൽ മാറ്റം വരണമെന്ന് ഉത്തരവിൽ പറയുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നിലവിലെ അനുപാതം 2015 ലാണ് നിലവിൽ വന്നത്. മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഇതിന് പിന്നാലെ ക്രൈസ്തവ സഭകൾ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ കൈവശമുളള ഏറ്റവും പുതിയ സെൻസസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അർഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published.