ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വൈദ്യുതി ഉപയോഗം: പോസ്റ്റുകളിലും പൊതുസ്ഥലങ്ങളിലും ലൈറ്റുകൾക്കും അനുമതി വാങ്ങണം; സുരക്ഷാ നിര്‍ദേശങ്ങള്‍ ഇങ്ങനെ..!


ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് പൊതുപരിപാടികള്‍ എന്നിവയ്ക്ക് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുവാന്‍ ജില്ലയിലെ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ താല്‍ക്കാലിക വയറിങ് സംവിധാനം ഒരുക്കുമ്പോള്‍ ഇലക്ട്രിക് ഇന്‍സ്‌പെക്ടറുടെ അനുമതി നിര്‍ബന്ധമാണ്.
പരിപാടികള്‍ക്കായി താല്‍ക്കാലിക വയറിങ് ജോലികള്‍ ചെയ്യാന്‍ ലൈസന്‍സ് ഉള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരെ മാത്രം നിയോഗിക്കണം. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡുകളിലും കെഎസ്ഇബി പോസ്റ്റുകളിലും പൊതുസ്ഥലങ്ങളിലും ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതിന് അതാത് വകുപ്പുകളുടെ അനുവാദം വാങ്ങണം.
വൈദ്യുതി ലൈനുകളുടെ താഴെയും സമീപത്തും സുരക്ഷിതമല്ലാത്ത അകലത്തില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരസ്യ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ കമാനങ്ങള്‍ എന്നിവ സ്ഥാപിക്കുവാനോ കെട്ടുകാഴ്ചകള്‍ കൊണ്ട് പോകുവാനോ പാടില്ല തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.