NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം താനൂരിൽ മന്ത്രി നിർവഹിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്‌പോർട്‌സ്, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിർവഹിച്ചു. ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും മഹത്തായ മാതൃകയായ ഹജ്ജ് കർമത്തിന് ഒരുങ്ങുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി അതിവിപുലമായ സാങ്കേതിക പരിശീലന ക്ലാസുകളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമായി 600 ഓളം ട്രെയ്നിങ് ഓർഗനൈസർമാർ സംസ്ഥാനത്തുടനീളം സൗജന്യ സേവനം ചെയ്ത് വരുന്നുണ്ട്.

ഹാജിമാരെ സഹായിക്കാനെന്ന പേരിൽ മറ്റ് സംവിധാനങ്ങൾ ആവശ്യമില്ല. അപേക്ഷ സമർപ്പണം, തുക അടക്കാൻ സമയം ദീർഘിപ്പിക്കൽ, 2025 ലെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർക്ക് അടുത്ത വർഷം പ്രത്യേക പരിഗണന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാറിൻ്റെയും ഹജ്ജ് കമ്മിറ്റിയുടെയും ഇടപെടലുകൾ ഏറെ ഫലപ്രദമായെന്നും ഹാജിമാർക്ക് സഹായകരമായെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ് ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഒ.വി. ജാഫർ, ഷംസുദ്ധീൻ അരീഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്,
നോഡൽ ഓഫീസർ അസ്സയിൻ പി.കെ., ട്രെയിനർ അബ്ദുൽ കരീം എന്നിവർ
സംസാരിച്ചു.

അമാനുള്ള മാസ്റ്റർ വേങ്ങര, മുജീബ് മാസ്റ്റർ കോഡൂർ, ഷാജഹാൻ എൻ പി, ജില്ലാ ട്രൈനിംഗ് ഓർഗനൈസർ മുഹമ്മദ് റഊഫ് യു. എന്നിവർ ക്ലാസുകൾ കൈകാര്യം കൈകാര്യം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ അഷ്‌കർ കോറാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ താനൂർ മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ അബ്ദുൽ ലത്തീഫ് (ബാവ) നന്ദി പറഞ്ഞു.

താനൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 356 പേർ പരിശീലന ക്ലാസിൽ സംബന്ധിച്ചു. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമനമ്പർ 6000 വരെയുള്ളവർ കൂടി ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *