NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുഞ്ഞാലിക്കുട്ടി ക്കെതിരെ രൂക്ഷ വിമര്‍ശന വുമായി ലീഗില്‍ വിമത യോഗം.

 

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലീഗില്‍ വിമത നീക്കം. പി.എം ഹനീഫ് അക്കാദമിയുടെ പേരില്‍ നടന്ന യോഗത്തില്‍ കെ.എം ഷാജി, പി.എം സ്വാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.  തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞ് വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അന്തരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.എം ഹനീഫ് അനുസ്മരണത്തിനാണ് യോഗം വിളിച്ചതെങ്കിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുകയായിരുന്നു. മണ്ഡലം ഭാരവാഹികളായ 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വരികയും ജനാധിപത്യസ്വഭാവം നഷ്ടമാവുകയും ചെയ്തു. ഭരണഘടനാപരമല്ലാത്ത ഉന്നതാധികാര സമിതി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. പരാജയത്തിന്റെ കാരണം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് യോഗത്തില്‍ വിഷയാവതരണം നടത്തിയ റഫീഖ് തിരുവള്ളൂര്‍ വിമര്‍ശിച്ചു.

പരാജയം സമ്മതിക്കുകയാണ് ആദ്യം വേണ്ടതെന്നും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വന്നു തുടങ്ങിയിട്ടെന്നും റഫീഖ് തിരുവള്ളൂര്‍ പറഞ്ഞു. രാഷ്ട്രീയമില്ലാതെ പുതിയ കാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടി വളര്‍ത്താനാകില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായ ചര്‍ച്ച വേണം. വേണമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കണം. പാര്‍ട്ടി ഭരണഘടന അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു പ്രക്രിയ ഇപ്പോള്‍ ലീഗില്‍ നടക്കുന്നില്ല. പകരം ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. എന്താണ് ലീഗിന് വോട്ട് ചെയ്തിട്ട് കാര്യമെന്ന് അവര്‍ ചോദിച്ചു. കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നത് അതു കാരണമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല’.- റഫീഖിന്റെ വാക്കുകള്‍.

പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായില്ലെന്നും നിയമസഭാംഗത്വം രാജിവെച്ച് ലോക്സഭയിലേക്ക് പിന്നീട് അതും രാജിവെച്ച് നിയമസഭയിലേക്ക്, ഈ ചാഞ്ചാട്ടം കൊണ്ട് പാര്‍ട്ടിക്കും സമൂഹത്തിനും എന്താണ് ഗുണമെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുവെന്നും യോഗത്തില്‍ റഫീഖ് വ്യക്തമാക്കി. തുടര്‍ന്ന് പ്രസംഗിച്ച കെ.എം ഷാജിയും പി.എം സ്വാദിഖലിയും റഫീഖ് തിരുവള്ളൂരിന്റെ വിമര്‍ശനം ശരിവെക്കുകയാണുണ്ടായത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും കുഞ്ഞാലിക്കുട്ടി വരുന്നുവെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ത്ത് തിരുത്തല്‍ നടപടികളിലേക്ക് പോകണമെന്നാണ് ഷാജി പക്ഷം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *